മുംബൈ: വിമാനത്താവളത്തിൽ വച്ച് വിമാനങ്ങളുടെ ചിറകുകൾ കൂട്ടിയിടിച്ചത് പരിഭ്രാന്തി പരത്തി. ഛത്രപതി ശിവാജി രാജ്യാന്തര വിമാനത്താവളത്തിന്റെ ടാക്സിവേയിൽ വച്ച് എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങളുടെ ചിറകുകളുടെ അഗ്രങ്ങൾ കൂട്ടിയിടിക്കുകയായിരുന്നു.
പുറപ്പെടാനൊരുങ്ങിയ എയർ ഇന്ത്യ വിമാനത്തിന്റെ ചിറക് ലാൻഡ് ചെയ്ത ഇൻഡിഗോയുടെ ചിറകിൽ ഇടിക്കുകയായിരുന്നു. സംഭവമുണ്ടാകുമ്പോൾ ഇരു വിമാനങ്ങളിലും യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ലെന്നാണ് വിവരം. യാത്രക്കാരെ സുരക്ഷിതരായി തിരിച്ചിറക്കിയതായി എയർ ഇന്ത്യ വക്താവ് അറിയിച്ചു.
എയർ ഇന്ത്യയുടെ മുംബൈ - കോയമ്പത്തൂർ വിമാനവും ഇൻഡിഗോയുടെ ഹൈദരാബാദ് - മുംബൈ വിമാനവുമാണ് അപകടത്തിൽപ്പെട്ടത്. ഗ്രൗണ്ട് കൺട്രോൾ വിഭാഗത്തിന്റെ ഭാഗത്ത് നിന്നുണ്ടായ പാളിച്ചയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തെ തുടർന്ന് ഇരുവിമാനങ്ങളെയും സർവീസ് റദ്ദാക്കി.